പിറന്ന മണ്ണില്‍ ജീവിക്കുമ്പോഴും പ്രവാസമനുഭവിക്കുന്ന വെടിമരുന്നും ബോബും ശ്വസിക്കുന്ന പട്ടിണിയും ദുരിതവും ജീവിതക്രമമാക്കിയവരാണ് ഫലസ്തീനികള്‍. സ്വാതന്ത്ര്യം നിഷേധിക്കുന്നവരോട് ചെറുത്തുനില്‍ക്കുന്ന പോരാട്ട വീര്യത്തിന് വിപ്ലവാഭിവാദ്യങ്ങള്‍...

ഒരിറ്റു കണ്ണുനീരെങ്കിലും........

Thursday, November 25, 2010

............


... ...
ഇത് അങ്ങകലെ സിംബാബ്‌വെയിലൊ മറ്റേതെങ്കിലും ആഫ്രിക്കന്‍ രാജ്യങ്ങളിലോ ജീവിക്കുന്നവരല്ല. അങ്ങനെ നിങ്ങള്‍ തെറ്റിദ്ധരിച്ചെങ്കില്‍ നിങ്ങള്ക്ക് തെറ്റി. അതെ, ഇവര്‍ നമ്മുടെ കേരളത്തിന്‍റെ തല ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന കാസര്‍കോട്ടെ എന്‍മകജെ പഞ്ചായത്തിലും മറ്റും ‘ജീവനില്ലാതെ’ ജീവിക്കുന്ന മനുഷ്യ ജന്‍മങ്ങള്‍. നേരിനു നേരെ കണ്ണടക്കുന്നവരുടെ മുമ്പില്‍ ദുരിത ജീവിതത്തിന്‍റെ സാക്ഷ്യപത്രമായി നില്ക്കുന്ന എന്ഡോസള്ഫാന്‍ ഇരകളുടെ ചിത്രങ്ങള്‍.

അമ്മിഞപ്പാല്‍ പോലും കുടിക്കാനാകാത്ത കാസര്കോട്ടെ നമ്മുടെ സഹോദരങ്ങളാണവര്‍. കയ്യും കണക്കും ഇല്ലാത്ത ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നവര്‍. വേദനയും ദാരിദ്ര്യവും തിന്ന് നമുക്കിടയില്‍ മരിച്ചു ജീവിക്കുന്നവര്‍. ഇനിയും പരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയരാവാന്‍ വിധിക്കപ്പെട്ടവര്‍. ശാസ്ത്രീയമായി തയ്യാറാക്കിയ റിപ്പോര്ട്ട് അവഗണിച്ച് വീണ്ടും ദുരിതം പഠിക്കാനെത്തുന്ന സമിതികളെ സ്വീകരിക്കേണ്ടവര്‍. കാസര്കോട് ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങള്ക്കു കാരണം എന്ഡോസള്‍ഫാനല്ലെന്നു 'ഉത്തരവാതിത്ത്വപ്പെട്ടവര്'‍പറയുമ്പോള്‍ തങ്ങളുടെ വിധിയെ കുറിച്ച് പഴിക്കേണ്ടവര്‍. വൈകല്യങ്ങളും രോഗങ്ങളും തീര്‍ത്ത മതില്കെട്ടുകളില്‍ നിന്ന് ഒരിക്കലും പുറത്തു കടക്കാനാവില്ലെന്ന് കരുതുന്നവര്‍. മൃഗങ്ങള്ക്ക് ലഭിക്കുന്ന സ്വാഭാവിക നീതി പോലും ലഭിക്കാത്തവര്‍.

അതുകൊണ്ട് നമുക്കവരോട് ഐക്യപ്പെട്ടുകൊണ്ട് കുറച്ചു കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. മാരകവിഷത്തിന്‍റെ ഇരകളായ നാലായിരത്തിലധികം പേരെ പുനരധിവസിപ്പിക്കാന്‍ ശക്തമായി ആവശ്യപ്പെടുക. എന്ഡോസള്ഫാന്‍റെ ഉല്പാദനവും വില്പനയും ഉപയോഗവും നിരോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സമരരംഗത്തിറങ്ങുക. എന്ഡോസള്ഫാന്‍ ഉല്പാദകരായ എക്സലിനും എച്ച്.എ.എല്ലിനും അനുകൂലമായ സരക്കാര്‍ നിലപാടിനെതിരെ ശബ്ദമുയര്ത്തുക. മണ്ണിനും മനുഷ്യനും കര്‍ഷകനും അനുകൂലമായ നിലപാട്‌ സ്വീകരിക്കാന്‍ ആവശ്യപ്പെടുക. അവതരിപ്പിക്കപ്പെട്ട റിപ്പോര്ട്ടുകളെല്ലാം അവഗണിച്ച് വീണ്ടും വീണ്ടും ദുരിതം പഠിക്കാനെത്തുന്ന സമിതികളെ കാസര്കോട്ട് കാലുകുത്താന്‍ അനുവദിക്കാതിരിക്കുക. ദേശീയതലത്തില്‍ തന്നെ എന്ഡോസള്ഫാന്‍ സമ്പൂര്ണ്ണമായി നിരോധിക്കും വരെ സമരമുഖത്ത് ഉറച്ചു നില്ക്കുക.

നമ്മള്‍ മനുഷ്യത്വമുള്ളവരെങ്കില്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പോരാടിയേ പറ്റൂ. അവരോട് സാമ്പത്തികമായും ശാരിരികമായും മാനസികമായും ഐക്യപെട്ടേ തീരൂ. ഒന്നുമില്ലെങ്കില്‍, നമ്മുടെ കണ്ണുകളില്‍ നിന്ന് ഒരിറ്റു കണ്ണുനീരെങ്കിലും അവര്ക്കായി വീഴേണ്ടതുണ്ട്.......

No comments:

Post a Comment

Malayalam Font Problems !!!
If you are unable to read malayalam fonts properly, please click here to install malayalam fonts in your computer. You are adivsed to use Internet Explorer (Ver. 8).