ഇക്കഴിഞ്ഞ 2010 മെയ് 20ന് ഈ ലോകത്തോട് വിടപറഞ്ഞ എന്‍റെ മുനീറുസ്താദ്, അവരെ കുറിച്ച് സഹോദരന്‍ പി.പി. അബ്ദുല്ലത്തീഫ് ‘കുടംബമാധ്യമ’വുമായി പങ്കുവെച്ച അനുസ്മരണക്കുറിപ്പ്, നമുക്ക് വീണ്ടും വീണ്ടും വായിക്കാന്‍ ഞാന്‍ ഇവിടെ സൂക്ഷിച്ചുവെക്കുന്നു. മുനീറുസ്താദ് എന്ന് ഞാന്‍ വിളിക്കുന്ന പി.പി. അബ്ദുല്‍മുനീറിന് അവന്‍റെ വിജ്ഞാന വഴിയില്‍ എനിക്കും ഒരു കൈ സഹായം നല്‍കാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നതോടൊപ്പം അവനില്‍ നിന്ന് എനിക്ക് ലഭിച്ച ആവേശം വിനയപൂര്‍വ്വം അനുസ്മരിക്കുകയും ചെയ്യുന്നു. അവന്‍റെ ജീവിതം പകര്‍ന്നു തന്ന സന്ദേശം ഉള്‍കൊള്ളാന്‍ ഈ അനുസ്മരണക്കുറിപ്പ് ഉപകരിക്കുമെന്ന് ന്യായമായും കരുതുന്നു.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
സമയം കൃത്യമല്ലെങ്കിലും ഏകദേശം ഒന്‍പതുമണി. ഞാനിപ്പോള്‍ സീറ്റ് നമ്പര്‍ ഏഴ്. നിസാമുദ്ദീന്‍ - എറണാകുളം മംഗള എക്സ്പ്രസ്സിന്റെ എട്ടാമത്തെ കംപാര്ട്ടുമെന്റില്‍. എന്തിനെന്നറിയില്ല ഇടക്കിടെ കണ്ണുകള്‍ പിന്നിലെ തടിച്ച ഇരുമ്പുവാതിലിലേക്ക് കോങ്കണ്ണെറിയുന്നു. തല തിരിഞ്ഞു നോക്കാന്‍ വിസമ്മതിക്കുന്നുണ്ടെങ്കിലും അത് എന്നെ നോക്കി പല്ലിളിച്ചുകൊണ്ടിരിക്കുന്നു.
നിനക്കോര്‍മയുണ്ടോ എന്നറിയില്ല, മെയ് 19നു കാലത്ത് അവന്‍ മുറിയില്‍ വന്നു. പതിവുപോലെ മുഖത്തല്ല പല്ലില്‍ പുഞ്ചിരിയുമായ്. സ്വപ്നങ്ങളെ തോളിലേറ്റിയ നീണ്ടുമെലിഞ്ഞ ‘വലിയ ചെറുപ്പക്കാരന്‍’. തനിക്കുവേണ്ടി ജീവിക്കു

ന്നതിലല്ല മറ്റുള്ളവര്‍ക്കുവേണ്ടി താന്‍ ജീവിക്കുന്നതിലാണ് ‘ത്രില്ല്’ എന്നുതെളിയിച്ചു കാണിച്ചുതന്ന ഓമശ്ശേരിക്കാരന്‍ പി.പി.അബ്ദുല്മുനീര്‍. വിടപറയും മുന്‍പേ അറിഞ്ഞവരെയൊക്കെ പരിചയപ്പെടാന്‍ അവന്‍ കാണിച്ച ആവേശം, പരിചയപ്പെട്ടവരോട് ഇടപഴകാന്‍ കാണിച്ച ആഹ്ലാദം. നൂറ്റാണ്ടുകളുടെ കര്‍മ്മങ്ങള്‍ ഒരായുസ്സുകൊണ്ട് ചെയ്തുതീര്‍ക്കാന്‍ കൊതിച്ച ഞങ്ങളുടെ പ്രിയ സുഹൃത്ത്. ജാമിയ മില്ലിയ്യക്കടുത്ത ജൂലൈനയിലെ കൊച്ചുമുറിയില്‍ നിന്നും ഓരോ വാരാന്ത്യത്തിലും അവന്‍ വരും, തോഷിബയെന്ന കമ്പനിപ്പേര് വിളിപ്പേരാക്കി മാറ്റിയ ലാപ്ടോപ് തോളിലെന്തി. എന്നും സ്വപ്നങ്ങളായിരുന്നു അവന്‍റെ കൂട്ടാളികള്‍. ആത്മാഭിലാശങ്ങളെ താലോലിച്ചുനടന്നവന്‍. കേവലം ദിവാസ്വപ്നങ്ങളായിരുന്നില്ല, അവ പുലര്‍ന്നുകാണാന്‍ ആത്മാര്‍ഥമായി പണിയെടുക്കുന്ന സ്വപ്നവീഥിയിലെ ഏകാന്ത പഥികന്‍.
ശാന്തപുരം കോളേജില്‍ ആദ്യമായി പരിചയപ്പെടുമ്പോള്‍ ഒരു മികച്ച കാര്‍ടൂണിസ്റ്റും ചിത്രകാരനുമായിരുന്നു. വിരല്‍ത്തുമ്പുകൊണ്ട് വരയും കുറിയുമിട്ട് ആശയലോകങ്ങള്‍ തീര്‍ത്ത് നിറക്കൂട്ടുകള്‍ കൊണ്ട് ചിത്രം രചിച്ചു സ്വര്‍ഗത്തിലേക്കു പറന്നുപോയ ഞങ്ങളുടെ പ്രിയ കൂട്ടുകാരന്‍.
അവസാനമായി ഞാനവനോട് ചോദിച്ചത് എങ്ങോട്ടാടോ പോകനിത്ര തിരക്ക്? ‘പോകുന്നതിനു മുന്‍പ് ഒന്ന് രണ്ടു പേരെ കാണാനുണ്ട്. ഇന്നതു ചെയ്തില്ലെങ്കില്‍ പിന്നെ നടക്കില്ല’. പോകുന്നതിനു രണ്ടു ദിവസം മുമ്പ് പല സുഹൃത്തുക്കളെയും ഫോണ്‍വിളിച്ചു പറഞ്ഞുവത്രേ, ‘ഞാന്‍ പോവ്വാ, എന്‍റെ ടികറ്റ് കണ്ഫെര്‍മ് ആവാന്‍ പ്രാര്‍ഥിക്കണേ....’ മരണം മുന്നില്‍ കണ്ടവനെപ്പോലായിരുന്നു അവസാന നാളുകളിലെ മുനീറിന്റെ ചില വാക്കുകളും പ്രവര്‍ത്തികളും. വീട്ടുവാനുള്ള കടവും ഒരു സുഹൃത്തിന്റെ ഡ്രസ്സും തിരികെയേല്പ്പിച്ച് വിശുദ്ധിയോടെ വിടപറയാന്‍ ഒരുങ്ങിയവന്‍.
യാത്രകള്‍ മുനീറിന് ഹരമായിരുന്നു. കേവലം യാത്രകളല്ല, അഡ്വഞ്ചര്‍ ട്രക്കിങ്ങ്. ഒഴിവു ദിവസങ്ങളില്‍ സഹാപാഠികളോടൊപ്പം അവരുടെ വീടുകള്‍ സന്ദര്‍ശിക്കുക അവന്‍റെ പതിവായിരുന്നു. ഇന്ത്യയിലെ വ്യതസ്ത ഭാഗങ്ങളില്‍ വ്യതസ്ത വിശ്വാസങ്ങളും ആചാരങ്ങളും കുടുംബ ചുറ്റുപാടുകളുമായി അവര്‍ എങ്ങനെ ജീവിക്കുന്നു എന്ന് പഠിക്കാന്‍. ആകാംക്ഷ മുനീറിന്റെ കൂടെപ്പിറപ്പായിരുന്നു. എന്തിന്റെയും പുറംമോടിക്കപ്പുറം യഥാര്‍ത്ഥ്യം ചികഞ്ഞു കണ്ടെത്താനുള്ള അത്യാര്‍ത്തി. അറിവിനോടുള്ള മതിവരാത്ത കമ്പം. ഈ ആകാംക്ഷ മനസ്സുതന്നെയായിരിക്കും അവനെ ഞങ്ങളില്‍ നിന്നും പറിച്ചെടുത്തത് എന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു. മഗ്രിബ്, ഇശാ നമസ്കാരം കഴിഞ്ഞു. എന്തിനെന്നറിയില്ല ട്രെയിനിന്‍റെ ഇരുമ്പുവാതിലിനടുത്തേക്ക് പോയി. പിന്നെടെപ്പോഴോ ആരോടും ഒന്നും പറയാതെ അവന്‍ പോയി. മരണം ക്ഷണിക്കാതെ വരുന്ന അഥിതിയാണെന്ന് ജീവിതത്തില്‍ ഞാന്‍ ആദ്യമായി അറിഞ്ഞ രാത്രി.
സുഹൃത്തുക്കളുടെ പരിഹാസങ്ങളെ ചിരിയിലൊതുക്കുന്നവനായിരുന്നു മുനീര്‍. അവസാന നാളുകളില്‍ കുറച്ചധികമായി കളിതമാശകളില്‍ ഞങ്ങള്‍ വല്ലാതെ കുതിരകയറിയപ്പോയും എല്ലാവര്‍ക്കും കാണിച്ചുതരാമെന്ന പതിവ് മറുപടി പക്ഷെ, ഇങ്ങനെയൊരു പകരം വീട്ടലിലൊതുങ്ങുമെന്ന് ആരും നിനച്ചില്ല.
അക്ഷരങ്ങളില്‍ മാത്രമൊതുങ്ങുന്ന ആശയങ്ങളോട് അത്രതന്നെ താല്‍പര്യം കാണിച്ചിരുന്നില്ല മുനീര്‍. ഏതു വിഷയത്തിലും തന്‍റേതായ അഭിപ്രായങ്ങളും ന്യായമായ സംശയങ്ങളുമുണ്ടായിരുന്നു. അഭിപ്രായങ്ങള്‍ക്കെല്ലാം പലപ്പോഴും ഒരു ഓലമേഞ്ഞ ചേരിച്ചുവയുണ്ടായിരുന്നു. മുനീറിന്റെ മനസ്സും ശരീരവും എന്നും പാവങ്ങള്‍ക്കൊപ്പമായിരുന്നു. അടിസ്ഥാന വര്‍ഗങ്ങള്‍ എന്നവരെ സമഭാവനയോടെ വിളിക്കും. ജാമിയ മില്ലിയയിലെ ഫാക്കല്‍റ്റി ഓഫ് കെ.ആര്‍.നാരായണന്‍ മൈനോറിറ്റി സ്റ്റഡീസില്‍ അവസാനമായി പ.ജി ചെയ്തു കൊണ്ടിരുന്നതും പിന്നാക്ക വിഭാഗ ക്ഷേമവികസന പദ്ധതികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്നെ. ഒരു തമാശയായി പോലും ആദിവാസികളെയും പിന്നാക്ക വിഭാഗങ്ങളെയും ഇകഴ്ത്തികാണിക്കുന്നത് അവന്‍ സഹിക്കുമായിരുന്നില്ല. പോടിത്തെറിക്കുന്ന വാക്കുകളിലൂടെ, മുഖഭാവങ്ങളിലൂടെ അവന്‍ അവര്‍ക്കായി വാദിക്കുമായിരുന്നു. അവരെന്താ മനുഷ്യരല്ലേ?
പത്രപ്രവര്‍ത്തനമായിരുന്നു ഇഷ്ട വിഷയം. അതും ജീവിതത്തിന്‍റെ പുറം പോക്കിലേക്ക് സമൂഹം ഒതുക്കിയിരുത്തിയ, നീതി നിഷേധിക്കപ്പെടുന്ന ജനതയെക്കുറിച്ച് സംസാരിക്കുന്ന ഒരു പത്രപ്രവര്‍ത്തനം. സ്കൂള്‍ വിദ്യാഭാസം കഴിഞ്ഞു ശാന്തപുരം കോളേജില്‍ ചേര്‍ന്ന ആദ്യവര്ഷം തന്നെ കോളേജ് മാഗസിന്റെ അണിയറ ശില്പികളില്‍ മുഖ്യസാന്നിധ്യമായി. ‘നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നല്ലേ...’ എന്ന് തുടങ്ങുന്ന ലേഖനം തയ്യാറാക്കാന്‍ ആദിവാസികളുടെ ജീവിതം നേരിട്ട് കണ്ടു പഠിച്ചു. പിന്നീട് ചിന്തകള്‍ അവരുടെ പിന്നാലെയായി. അങ്ങനെ പത്രപ്രവര്‍ത്തനവും ഇന്ത്യയിലെ അടിസ്ഥാന വര്‍ഗത്തെകുറിച്ചുള്ള പഠനവും എങ്ങനെ ഒരുമിച്ചുകൊണ്ടുപോവാമെന്ന സംഘര്‍ഷം പരിഹരിച്ചത് ജാമിയ മില്ലിയ്യ വഴിയും.
അവന്‍റെ ജീവിതം ഒരു സംഗീതമായിരുന്നു. അനുഭവിച്ചവര്‍ക്ക് എന്നും മധുരിക്കുന്ന ഓര്‍മ്മകള്‍ അവന്‍ വിട്ടേച്ചുപോയി. ആരെയും വാക്കുകൊണ്ടോ പ്രവര്ത്തികൊണ്ടോ മുഷിപ്പിച്ചില്ല. തന്‍റെ സൗകര്യങ്ങള്‍ മറ്റുള്ളര്‍വര്‍ക്കായി മനസ്സറിഞ്ഞു നല്‍കി. പുസ്തകങ്ങളെ പോലെ ഗസലുകളെയും സ്നേഹിച്ചു. പെട്ടിയിലെപ്പോഴും ഓടക്കുഴല്‍ കരുതി. ഇഷ്ടപെട്ടവര്‍ക്കാഴി അതു വായിച്ചുകൊടുത്തു.
ചേന്ദമംഗല്ലൂരുകാര്‍ക്ക് തങ്ങളുടെ കുട്ടികളുടെ മാഷായിരുന്നു. സര്‍ഗവേദിയില്‍ സ്റ്റേജിലും അണിയറയിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യം. നാടന്‍ കലകളിലൂടെ നാട്ടുകാരുടെ ഭാഷയില്‍ സാമൂഹിക തിന്മകള്‍ക്കെതിരെ അവന്‍ സംസാരിച്ചു. പുറംലോകം ചിത്രകാരനും പത്രപ്രവര്‍ത്തകനും കലാകാരനും സാമൂഹിക പ്രവര്‍ത്തകനുമൊക്കെയായി മനസ്സിലാക്കിയ മുനീറിനെ കുറിച്ച് സ്വന്തം ഗ്രാമത്തില്‍ മറ്റൊരു ചിത്രമാണ്. കൈലിയുടുത്ത കുപ്പയമിടാത്ത നാടന്‍ കര്‍ഷകന്‍. നാട്ടുകാര്‍ അവനെ കാണുന്നത് പാടത്തും പറമ്പിലും മരത്തിലും തെങ്ങിലുമാണ്.
കേവലം സര്ട്ടിഫിക്കറ്റുകള്‍ കരഗതമാക്കുക എന്നതിലപ്പുറം അവകാശസമരങ്ങളിലെ ധീരപോരാളിയാവണം വിദ്യാര്‍ഥി എന്നതായിരുന്നു മുനീറിന്റെ സന്ദേശം. ആ മാതൃകാപാഠം വരും തലമുറക്ക് പാഠമാക്കുകയായിരിക്കും ആ ചുറുചുറുക്കിന്റെ നിയോഗലക്‌ഷ്യം. ജവഹര്‍ലാല്‍ നെഹ്‌റു യുനിവേഴ്സിറ്റിയില്‍ എം.ഫില്‍. ചെയ്യുക എന്നതായിരിന്നു സ്വപ്നങ്ങളില്‍ മുഖ്യം. വിധിക്ക് പക്ഷേ സ്വപ്നങ്ങളുടെ വിലയറിയില്ലല്ലോ. എല്ലാ സ്വപ്നങ്ങളും സുഹൃത്തുക്കളുമായി പങ്കുവെച്ചില്ല. ചിലതൊക്കെ അങ്ങനെയും കിടക്കട്ടെ എന്ന് വിചാരിച്ചിരിക്കാം. പരിചയപ്പെട്ടവര്‍ക്കെല്ലാം അവനെക്കുറിച്ച് മികച്ചുനില്‍ക്കുന്ന എന്തെങ്കിലുമൊന്നു പറയാതിരിക്കാനാവില്ല.
അതി തീവ്രമായ ദൈവഭക്തിയായിരുന്നു മുനീറിനെ ഞങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തനാക്കിയത്. യാത്രകളില്‍ പോലും ഖുര്‍ആന്‍ ഓതുന്ന പ്രകൃതം. ട്രെയിന്‍ യാത്രകളില്‍ നോമ്പെടുക്കാന്‍ കാണിക്കുന്ന ആവേശവും ആ മനസ്സും സമ്മതിക്കേണ്ടിയിരിക്കുന്നു. ദല്‍ഹിയില്‍ മുറിയില്‍ തറാവീഹ് നമസ്കാരം സംഘടിപ്പിക്കുവാനും അതിനു നേതൃത്വം നല്‍കുവാനും കാണിച്ച വല്ലാത്തൊരു ഈമാനിക സ്പിരിറ്റ്. അവസാനമായി സുഹൃത്തുക്കളോടൊത്ത് നടത്തിയ

കാശ്മീര്‍ യാത്രാനുഭവങ്ങളിലും മികച്ചുനില്‍ക്കുന്നത് പ്രാര്‍ത്ഥനയിലെ ഈ കണിശത തന്നെ. പറഞ്ഞൊതുക്കാനാവാത്ത ദൈവവിശ്വാസം. യുവത്വത്തിലേക്ക് കാലെടുത്തുവെച്ചപ്പോയേക്കും തിരിച്ചുപോകേണ്ടിവന്നെങ്കിലും തന്‍റെ മനുഷ്യ ജന്മം അവന്‍ സഫലമാക്കി. അദ്ധ്യാപകന്‍, സഹോദരന്‍, മകന്‍, കൂട്ടുകാരന്‍ തുടങ്ങി ജീവിതത്തിലെ എല്ലാ മേഖലകളിലും മറ്റുള്ളവര്‍ക്കവന്‍ മാതൃകയായി.
മുഴുമിക്കാത്ത പഴങ്കഥപോലെ പാതിവഴിയില്‍വെച്ച് സ്വപ്നലോകത്തേക്ക് പറന്നകന്ന, വിശേഷണങ്ങള്‍ക്കതീതനായ പ്രിയ സുഹൃത്ത് ‘മുനി’യുടെ ജീവിതം പോലെത്തന്നെ അപൂര്‍ണമായൊരു ചിത്രം ഇവിടെ കോറിയിടുന്നു. മുനിയെപ്പറ്റി ഇനിയും അറിയാനൊരുപാട് ബാക്കിയുണ്ട്. 23 വര്‍ഷത്തെ ജീവിതംകൊണ്ട് താന്‍ പകര്‍ന്നു കൊടുത്ത സന്ദേശം ഈ ചുരുങ്ങിയ വാക്കുകള്‍കൊണ്ട് പ്രകടിപ്പിക്കാനാകുമെന്നു വിശ്വാസമില്ല. എങ്കിലും അറിയുന്നതെല്ലാം എഴുതിവെച്ചില്ലെങ്കില്‍ ഞങ്ങളുടെ കൂട്ടത്തിലെ നിഷ്കളങ്കനായ ആ സ്വര്‍ഗീയവാസിയുടെ ആത്മാവിആത്മാവിനോടു കാണിക്കുന്ന അനീതിയാവാം ഒരു പക്ഷേ അത്.
മെയ് 20ന്‍റെ കത്തുന്ന വേനലില്‍ പകലൊടുങ്ങിയ സമയത്ത് വിധി ഇരച്ചു കയറി വന്നു. പാതിരാവില്‍ കേട്ട ആ വാര്‍ത്ത സത്യമാവാതിരിക്കട്ടെ എന്നെല്ലാവരും ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു. ദല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടയില്‍ ട്രെയിനില്‍നിന്ന് തെന്നിവീണ് മരണപ്പെട്ടു എന്നാ നോവര്‍ന്ന വാര്‍ത്ത....
പലരോടായി ഫോണില്‍ മരണവിവരം പറയുമ്പോയും സ്വമനസ്സ് വിശ്വസിക്കാത്തപോലെ. പോസ്റ്റുമോര്‍ട്ടവും ഖബറടക്കവും കഴിഞ്ഞു ബന്ധുക്കളും, സുഹൃത്തുക്കളും അവരവരുടെ ജീവിതത്തിലേക്ക് തിരിഞ്ഞിട്ടും മനസ്സു വിസമ്മതിക്കുന്നു. ഇല്ല അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.
നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ച് എന്തു തോന്നുന്നു?
No comments:
Post a Comment