എല്ലാം ഒരു എന്ജോയ്മെന്‍റ്. രാവും പകലും എന്ജോയ്മെന്‍റ്. ജീവിതമാകെ എന്ജോയ്മെന്‍റ്. ഇതാണല്ലോ മിക്ക യുവത്വവും ആഗ്രഹിക്കുന്നത്. പക്ഷേ, ഒന്ന് ചിന്തിക്കുന്നത് നന്ന്.
ഒരു പുതുവര്‍ഷ പുലരി കൂടി വന്നെത്തുകയാണ് നമുക്കു മുമ്പില്‍. മത ജാതി വര്‍ഗ ഭേതമന്യേ എല്ലാവര്‍ക്കും ഒത്തൊരുമിച്ചു അയിഞ്ഞാടാനുള്ള ദിനം. സകല ധാര്മിക സദാചാര മൂല്യങ്ങളും കാറ്റില്‍ പറത്തി ആഘോഷിക്കാനുള്ള ദിവസം. അതിനിടയില്‍ നാമറിയാതെ പുതിയ പുതിയ പദങ്ങള്‍ നമ്മളാല്‍ തന്നെ നിഗണ്ടുവില്‍ ചേര്ക്കപ്പെടുന്നു. അതില്‍ പെട്ട ഒരു പദം തന്നെയാണ് 'ന്യൂ ഇയര്‍ ഫ്രണ്ട് സെലെക്ഷന്‍'.
എന്താണെന്നോ ഈ ന്യൂ ഇയര്‍ ഫ്രണ്ട് സെലെക്ഷന്‍? പുതുവര്‍ഷപ്പിറവിക്കു തൊട്ടു മുമ്പായിട്ടു ഒരു പുതിയ ഫ്രണ്ടിനെ തിരഞ്ഞെടുക്കുന്ന രീതിയാണത്രേ! വരുന്ന വര്‍ഷത്തിലെ ബെസ്റ്റ് ഫ്രണ്ടായിരിക്കും അവന്‍/അവള്‍. അങ്ങനെ തിരഞ്ഞെടുത്ത ന്യൂ ഇയര്‍ ഫ്രണ്ടിനു പുതുവര്ഷത്തിന്‍റെ പകലില്‍ ഒരു ഗിഫ്റ്റും കൈമാറണം പോലും. വല്ലാത്തൊരു തിരഞ്ഞെടുപ്പു തന്നെയാണത്!!!
എന്നാല്‍ ഇതിന്‍റെ പിന്നിലെ ചതിക്കുഴികള്‍ തിരിച്ചറിയാതെ പോയത് നാളെയുടെ പഉരന്മാരായ വിദ്യാര്ത്ഥികളും ഇന്നിന്‍റെ യുവത്വവുമാണ്. ഇവര്ക്ക് തിരിച്ചറിവ് പകരേണ്ടത് തിരിച്ചറിവുള്ളവരുടെ ബാധ്യതയും.
ന്യൂ ഇയര്‍ ഫ്രണ്ട് എന്ന പ്രയോഗം തന്നെ ഒരു സാംസ്കാരിക ശൂന്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നമ്മുടെ തനതായ സാംസ്കാരിക ഭാഷയില്‍ സുഹൃത്ത് എന്ന് പറഞ്ഞാല്‍ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെക്കാനും ആശയങ്ങളും നിലപാടുകളും കൈമാറാനും മനസ്സറിഞ്ഞു ഇടപഴകാനുമുള്ളവനാണ്. എന്നാല്‍ വര്‍ഷാവര്‍ഷം മാറ്റപ്പെടേണ്ടവനോ തഴയപ്പെടേണ്ടവനോ അല്ല സുഹൃത്ത്. അതിന്നര്ത്ഥം പുതിയ സുഹൃത്തുക്കള്‍ വേണ്ട എന്നൊന്നുമല്ല. പക്ഷേ, വര്ഷാരംഭത്തില്‍ ഒരു ഗിഫ്റ്റ് നല്കി ഉണ്ടാക്കിയെടുക്കേണ്ടവരല്ല സുഹൃത്തുക്കള്‍ എന്നത് തീര്‍ച്ചയാണ്. ഗിഫ്റ്റുകള്‍ക്ക് പകരം ഹൃദയങ്ങളാണ് നല്കേണ്ടത്; വര്ഷാരംഭത്തിന്നപ്പുറം വര്ഷത്തിലുടനീളം നല്കേണ്ടത്.
ഇതിന്‍റെയെല്ലാമുപരി ഈ സംസ്കാരത്തിന്‍റെ നിര്‍മാതാവ് ഇത് കൊണ്ടാടുന്നവരല്ല എന്നതാണ് വാസ്തവം. മറിച്ച്, കോസ്മറ്റിക്സ് കച്ചവട മുതലാളിമാര്‍ അവരുടെ ഉല്പന്നങ്ങള്ക്ക് വിപണന സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് കണ്ടെത്തിയ തന്ത്രമാണിത്. എട്ടും പൊട്ടും തിരിയാത്ത, തിരിഞ്ഞിട്ടും തിരിയാത്ത പോലെ ഉറക്കം നടിക്കുന്ന ജനവിഭാഗത്തെ ചൂഷണം ചെയ്ത് അവരുടെ സമ്പത്തിനെ ഊറ്റിക്കൊണ്ടുപോവുന്നവര്‍. അവര്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ആവശ്യപ്പെടുന്ന ദിനങ്ങളില്‍ അവരുടെ ഉല്പന്നങ്ങള്‍ വാങ്ങിയിരിക്കണം എന്ന തരത്തില്‍ അടിമകളാക്കപ്പെട്ടിരിക്കുന്നു നമ്മുടെ യുവത്വവും വിദ്യാര്ഥിതത്വവും.
വൃത്തികേടുകള്ക്ക് മാന്യന്മാരുടെ ഭാവവും വേഷവും വസ്ത്രവും നല്കുക എന്നത് സംസ്കാരിക അധിനിവേഷകര്ക്ക് അവരുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിനു വളരെ അത്യാവശ്യമാണ്. ആ മാന്യ വസ്ത്രമാണ് ന്യൂ ഇയര്‍ ഫ്രണ്ട് എന്നതും. കണ്ടാലും കൊണ്ടാലും വളരെ നല്ലത്. ഒരു കുഴപ്പവും പ്രത്യക്ഷത്തില്‍ ഇല്ല. ഒരു സന്തോഷത്തിന്, ആനന്ദത്തിനു, പുതു സുഹൃദ്‌വലയങ്ങള്‍ തീര്ത്ത് നന്മകള്‍ വിരിയിക്കാന്‍, അത്രമാത്രം! എന്തൊരു ഉദ്ദേശ്യ ശുദ്ധി!!! എന്നാല്‍ ആ മാന്യ വസ്ത്രം ഒന്നഴിച്ചു പരിശോധിക്കുക, ചിന്തിക്കുക. അപ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും, ന്യൂ ഇയര്‍ ഫ്രണ്ടില്‍ നിന്ന് തുടങ്ങി ന്യൂ ഇയര്‍ ഫ്രണ്ടില്‍ തന്നെ അവസാനിക്കുന്ന ഒന്നല്ലിത് എന്ന്. ന്യൂ ഇയര്‍ ഫ്രണ്ടില്‍ നിന്ന് ന്യൂ ഇയര്‍ ലവറിലേക്കും ന്യൂ ഇയര്‍ വൈഫിലേക്കും ആയിരിക്കും ഇതിന്‍റെ പരിണാമം. ഇതിലാരും ഒട്ടും സംശയം പ്രകടിപ്പിക്കേണ്ടതില്ല. ഈ കുറിപ്പുകാരന്‍റെ തീര്‍ച്ചപ്പെട്ട പ്രവചനമാണിത്.
ഇനി നിങ്ങള്‍ പറയുക, വേണമോ ഈ പോക്കിരിത്തരങ്ങള്‍? തനതായ ഊഷ്മളമായ സംസ്കാരത്തെ ചീപ്പ് റൈറ്റിന് വിറ്റഴിച്ച് വൈദേശിക സംസ്കാരത്തെ നാം എന്തിനു നെഞ്ചേറ്റണം? കുത്തക മുതലാളി വര്ഗത്തിന്‍റെ വാണിജ്യ തന്ത്രങ്ങളില്‍ നാം എന്തിനു വീഴണം? എന്തിനു നാം അവരുടെ അടിമകളായി നിലകൊള്ളണം? വൃത്തികേടുകള്‍ക്ക് നമ്മുടെ മാന്യതയുടെ കൈകള്‍ എന്തിനു വെച്ചുകൊടുക്കണം? വരും തലമുറക്ക്, നമ്മുടെ മക്കള്ക്ക് സദാചാരത്തിന്‍റെ ഒരു വിത്തെങ്കിലും ബാക്കി വെച്ചൂടേ? ഞാന്‍ തയ്യാറാണ്, നിങ്ങളോ?